ഈ നഗരം

ഈ  നഗരത്തെയിനി
പിരിയാനാകില്ല

നെറുക ചൂഴുന്ന
ഇതിന്‍റെ വെയിലില്‍
ഇണ ചേര്‍ന്നിഴയുന്ന പാതകള്‍
ഫണം വിടര്‍ത്തുമെങ്കിലും  
ഇതിന്‍റെ മൃതസന്ധ്യകളുടെ
ഉലര്‍ന്ന ചുണ്ടുകളില്‍
ഉറയാത്ത കാമം
അറപ്പിക്കുമെങ്കിലും
കുതറുന്തോറും
ഇറുക്കമേറും
ആവര്‍ത്തനങ്ങളാല്‍
ഇതു നീട്ടുമാലിംഗനം.

ഒറ്റ വേഗം
ഒരേ നിറം
മറുവിളിയില്ലാത്ത
ഒരേ നിശബ്ദത

നുരയടങ്ങാത്ത
തീക്കുഴമ്പിന്‍റെ
ലഹരി തീര്‍ക്കും
ഇതിന്‍റെ സൗഹൃദം
യാത്ര പോകുമ്പോള്‍
പതിഞ്ഞ താളത്തില്‍
‘തിരിച്ചുവാ’യെന്നു
സ്നേഹഗദ്ഗദം.

ഇതിന്‍റെ പ്രണയം
എന്‍റെ മുറിവുകളില്‍
പഴുത്തുകിടക്കുന്ന 
മദജലം.

ഇതിന്‍റെ ഓര്‍മ
ഞാനുറങ്ങുന്ന
പൂക്കാത്ത മരത്തിന്‍റെ
പൊത്ത്.

   സന്ധ്യ 
വിഷാദം പോലെ
മഞ്ഞ വെയില്‍
പരക്കുമ്പോഴോ
ചുവപ്പിന്‍റെ
ക്രുദ്ധസൂര്യന്‍
പടിഞ്ഞാറു പോകുമ്പോഴോ
മേഘവെണ്മയില്‍ നിന്നു
കാക്കകള്‍
പറന്നു പോകുമ്പോഴോ
അല്ല
നിന്നെയോര്‍ക്കുമ്പോള്‍ മാത്രം
എനിക്കെപ്പോഴും
സന്ധ്യയാകുന്നു
സംശയം 
നിന്നെ ഞാന്‍ പ്രണയിക്കുന്നത്‌ 
കവി 
വസന്തത്തെയെന്നപോലെയല്ല
മരണം ഉറപ്പായവന്‍ 
ജീവിതത്തെയെന്ന പോലെ.
അത് കൊണ്ടാണ് 
നീ യാത്ര  പറയുമ്പോഴെല്ലാം 
ഇനി കാണില്ലേ 
എന്നെനിക്കു സംശയം. 

       എളുപ്പമാകില്ല

എളുപ്പമാകില്ലിനി  
ഉറക്കം നടിക്കുവാന്‍

ഉണര്‍ത്തുവാന്‍ വരും
ഓര്‍മ്മയായി അന്‍സാരി 
നിറഞ്ഞ കണ്ണുമായ്
 നിതാന്ത ഭീതിയായ്
പലസ്തീനില്‍ നിന്നു
കരച്ചിലായി വരും 
വെളുത്ത ബോംബിനാല്‍*  
മരിച്ച കുഞ്ഞുങ്ങള്‍  
കൊടി നിറങ്ങളില്‍ 
പൊതിഞ്ഞ ചാവിന്‍റെ   
സ്മരണയായെന്‍റെ 
ദുരിത ഭൂ വരും 
വറുതി പൂക്കുന്ന 
വിളനിലങ്ങളായ് 
തിര നിലയ്ക്കാത്ത 
കദനമാഴിയായ്
വരുമൊരായിരം 
നിനവുകള്‍ സ്ഥിരം 
പുതിയ നേരിന്‍റെ 
പ്രവചനങ്ങളായ് 
വഴി മറന്ന 
പഥികനെപ്പോലെ 
മുഖം ചുവപ്പിച്ചു 
പുലരിയെത്തുന്നു 

ഇനിയൊരിക്കലും 
എളുപ്പമാകില്ല  
ഉറക്കം നടിക്കുവാന്‍.


* വൈറ്റ് ഫോസ്ഫറസ് എന്ന മാരക രാസായുധം